മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് രണ്ടുജില്ലകളില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്; നാളെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇതുവരെ അഞ്ചു ജില്ലകള്‍ക്കായി പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് ഇപ്പോഴത്തെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം രണ്ടു ജില്ലകള്‍ക്കായി മാത്രമായിരിക്കും ബാധകമാകുന്നത്. ഇന്ന് ഇടുക്കിയും വയനാടുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ജില്ലകള്‍. ഇതേ തുടര്‍ന്ന് ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വീണ്ടും മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ ഇടുക്കി, വയനാട് കൂടാതെ മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. ഞായറാഴ്ച മഴ കുറയാനാണ് സാധ്യത. അന്നേദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്.